Monday 5 December 2016

ഗുരുദർശനസുഗന്ധം
എന്ന
അനുഭവം
------------------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
------------------------------------------

2007 ഏപ്രിൽ മാസത്തിലെ ഒരു ഞായറാഴ്ച. ഞങ്ങൾ (ഞാനും ലളിതയും ) എന്റെ വന്ദ്യഗുരുനാഥൻ പ്രൊഫ.സുഗതൻ സാറിനെ (ഡോ കെ സുഗതൻ എം ഡി; ഡി എം ) പതിവുപോലെ സന്ദർശിക്കാൻ ചെന്നു. ചെന്നപാടെ സാർ അകത്തു പോയി തന്റെ പുതിയ പുസ്തകം "ഗുരുവിന്റെ ചരിത്രം " എടുത്തുകൊണ്ട് വന്ന് "കവി ബാലകൃഷ്ണന്,സ്നേഹപൂർവ്വം" എന്നെഴുതി ഇനിഷ്യൽ ചെയ്ത് തന്നു.

ഞാനത് മറിച്ചുനോക്കിക്കൊണ്ടിരിക്കവേ ഒരു പാട് കാര്യങ്ങൾ സാറ് ഗുരുദര്ശനത്തെക്കുറിച്ചും ശാങ്കരദർശനത്തെക്കുറിച്ചും ഭാരതീയദർശനത്തെ ക്കുറിച്ചും പറഞ്ഞു. തികച്ചും പുതുമയുള്ള ആശയങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ അറുപതുകളിൽ ഞങ്ങളെ ക്ലിനിക്കൽ മെഡിസിൻ പഠിപ്പിച്ചിരുന്ന അതേ ആധികാരികത ഞാൻ ആ വാക്കുകളിൽ അനുഭവിച്ചു.

ഇന്ന് 2016 ഡിസംബർ 6. ഇന്നലെയാണ് ശശി (പി ശശിധരൻ ) കലാകൗമുദിയിൽ നിന്ന് വിളിച്ചത്. ശിവഗിരിതീർത്ഥാടനം 2016 സ്‌പെഷ്യൽ പതിപ്പിലേയ്ക്ക് ഒരു ലേഖനം എഴുതണമെന്നും അത് ഉടനെ തന്നെ  വേണമെന്നും പറഞ്ഞ്. എന്റെ "ഗുരുപർവ്വം" പുറത്തിറങ്ങിയ സമയമായതിനാൽ ശ്രമിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തു. ആ ഒരു ഊക്കിലാണ് ഈ കുറിപ്പെന്ന് ആദ്യമെ പറഞ്ഞു വയ്ക്കട്ടെ!

വ്യാസൻ, ശ്രീശങ്കരൻ, ശ്രീനാരായണൻ.
------------------------------------------------------------------
ഭാരതീയ ഗുരു പരമ്പരയിലെ ത്രിമൂർത്തികളാണല്ലോ ഈ ആചാര്യന്മാർ. മൂവരും വ്യാസന്മാർ തന്നെ വ്യാസപദത്തിന്റെ  അർത്ഥത്തിലും പ്രയോഗത്തിലും.

"വിവാസ വേദാൻ യസ്മാദ് സ / തസ്മാദ് വ്യാസ: ഇതി സ്മൃത: "
വേദങ്ങളെ വിഭജിക്കുകയാൽ ഇവൻ വ്യാസനെന്ന്
സ്മരിക്കപ്പെടുന്നു." എന്ന് നിരുക്തം
-ഭട്ടഭാസ്കരൻ.

എന്നാൽ അവർ ജീവിച്ച കാലഘട്ടങ്ങൾ വിഭിന്നമാണല്ലോ! ഇവരിൽ ഗുരു മാത്രമെ നമ്മുടെ കയ്യെത്തും ദൂരത്തുള്ളു. അതുതന്നെ ഗുരുദർശനത്തിന്റെ പ്രസക്തി; സുഗന്ധവും. പനിനീർപ്പൂ മണ്ണടിഞ്ഞാലും അതിന്റെ സുഗന്ധം വായുവിലും പിന്നെ ചിരകാലം ആസ്വാദകന്റെ ഉള്ളിലും നിറഞ്ഞു തന്നെ നില്കുന്നു. അവൻ മാരുതനാണെങ്കിൽ ആ പൂമണം നാടാകെ പരത്തുന്നു. ഈ മൂവരും പ്രതിനിധാനം ചെയ്യുന്ന ആശയ സൗഭഗത്തിന്റെ ഒരുമയ്ക്കും പെരുമയ്ക്കും പഴമയ്ക്കും പുതുമയ്ക്കും വ്യതിരിക്തതയ്ക്കും നിദാനവും അതുതന്നെ.

അല്പം വിശകലനം
----------------------------------

1.ഒരുമ
---------------------

മൂവരും ഭാരതീയവിജ്ഞാനമഹാമേരുവിൽ നിന്നുദ്ഭവിച്ച മഹാനദികൾ തന്നെ. ഒഴുകിയൊഴുകി പാലാഴിയിൽ അലിഞ്ഞെ തീരു. അതവരുടെ കർമ്മകാണ്ഡത്തിന്റെ അർത്ഥം. അത്‌ തീർച്ചയായും ഒന്നുതന്നെ.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!".

മൂവരും ഒരിക്കലും അക്രമം ലോകനന്മയ്ക്കായി ഉപദേശിച്ചട്ടില്ല. അല്ലെങ്കിൽ ഭാരതം എന്നാണ് മറ്റൊരു രാജ്യത്തെ ആക്രമിച്ചിട്ടുള്ളത്? എന്നും നടന്നിട്ടുള്ളത് ധർമ്മയുദ്ധം. വാഗ്‌വാദങ്ങൾ ചർച്ചകൾ യാഗങ്ങൾ! നമ്മുടെ "സമസ്യാപൂരണം" എന്ന ബൗദ്ധികവിനോദവും അതിനോടനുബന്ധിച്ച കഥകളും ശ്ലോകങ്ങളും പ്രസിദ്ധമാണല്ലോ!

ഈ ഒരുമയുടെ ഉത്തമമായ ഉദാഹരണങ്ങളാണ് അവരുടെ കൃതികൾ. ഗീതയും സൗന്ദര്യലഹരിയും ദർശനമാലയും. വിശദീകരിക്കുന്നില്ല. ആധുനിക ശാസ്ത്രം ഇന്ന് ഇതൾവിരിയിച്ചെടുക്കുന്ന അതിനൂതനമായ ആശയമഹാശാഖികളുടെ മൂലവും ബീജവും അവയിൽ  നിഷ്‌പക്ഷ മതികളായ സത്യാന്വേഷികൾക്ക് ദർശിക്കാമല്ലൊ?

യീറ്റ്‌സും എലിയട്ടും ന്യുട്ടനും എയ്ൻസ്റ്റീനും റസ്സലും  പിന്നെ ഒരായിരം പശ്ചാത്യ ചിന്തകരും എഴുത്തുകാരും കലാകാരന്മാരും  എത്രയോ ആവൃത്തി
അത് ഉരുവിട്ടില്ല! നമ്മുടെ തന്നെ സ്വന്തം ഡോ എസ് രാധാകൃഷ്ണൻ തന്നെ
ഇങ്ങനെ തന്റെ പ്രശസ്ത മായ കൃതിയിൽ (ഭാരതീയദർശനം/ Indian Philosophy/ Vol.1) പ്രഖ്യാപിച്ചു:
"The facts of mind or consciousness were studied by the Indian thinkers with as much care
and attention as the facts of the outer world are studied by our modern scientists."

2.പെരുമ
---------------------------------------------
ഇത് എന്തിനധികം വർണിക്കണം? "ഭാരതീയദർശനം"/
 (ഇവിടെ ഈ യൊരു പദം മാത്രം ഞാൻ ഉപയോഗിക്കുന്നു. ഭാരതീയഗുരുപരമ്പരയുടെ പാദാരവിന്ദങ്ങൾ വണങ്ങുന്നു.)
ഇതിലെല്ലാം അടങ്ങുന്നു. ടാഗോറും സർ സി വി രാമനും അരവിന്ദമഹര്ഷിയും  എല്ലാം!

3.പഴമ
--------------------------------------------------
ഇതിന്റെ പഴമ വേദങ്ങൾ തന്നെ വിളിച്ചോതുന്നു. പിന്നെ ഉപനിഷത്തുകൾ
ബ്രഹ്മസൂത്രം, ഇതിഹാസങ്ങൾ, ഭഗവദ്ഗീത, ഭാഗവതം! അങ്ങനെ എണ്ണിയാലൊതുങ്ങാത്ത മഹാഗ്രന്ഥങ്ങൾ!
(അവയുടെ കാലഗണനയിലേക്ക് ഇവിടെ കടക്കുന്നില്ല)

4 പുതുമ
----------------------------------------------------
ഭാരതീയചിന്ത സനാതനമത്രെ! അതെന്നും പുതുപുത്തനായി (Nascent ) നിലകൊള്ളുകതന്നെ ചെയ്യും.ഭാരതത്തിന്റെ ചരിത്രം അത് വിളിച്ചോതുന്നു.
മാത്രമല്ല, അരക്കിട്ടുറപ്പിക്കുന്നു. എത്രയെത്ര വിദേശാക്രമണങ്ങൾ! എന്തെല്ലാം കോലാഹലങ്ങൾ നടന്നിട്ടില്ല! എന്നിട്ടും അത് ചേറിൽ പുതഞ്ഞുകിടന്നു വീണ്ടും പൊന്തിവരുന്ന ചെന്താമരപോലെ! തന്നിമിത്തമാണല്ലോ ഭാരതീയചിന്ത പങ്കജമായത്! ഏതൊരു ധർമ്മച്യുതിയെയും അത് അതിജീവിച്ചിട്ടുണ്ടല്ലോ!

മഹാഭാരതയുദ്ധം മുതൽ സ്വാതന്ത്ര്യസമരം വരെ നടന്നതും ഒരു കൃഷ്ണനും ശങ്കരനും നാരായണനും
അഭ്യുത്ഥാനം ചെയ്തതും ധര്മസംരക്ഷണാർത്ഥം തന്നെ.


2.

ഗുരുദര്ശനസുഗന്ധം
എന്ന
അനുഭവം
--------------------------------------------------
ഇത്രയും ആമുഖം. ഇനി പ്രകൃതത്തിലേയ്ക്ക് വരാം. വിഷയം തീര്ച്ചയായും
"ആഴമേറും നിൻഹാസ്സാമാഴി" തന്നെ!
അതിൽ
"ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം!"
എന്നാണല്ലോ വിശ്വഗുരു ശ്രീനാരായണൻ നമുക്കുവേണ്ടി പരാശക്തിയോട്
അർത്ഥിക്കുന്നത്!

തജ്ജ്യോതിഃ!
---------------------------------
അത് ജ്യോതിസ്സാണ്! അത് വെളിച്ചമാണെന്ന് ഗുരു!
ഈ വിശ്വം മുഴുവൻ നിറഞ്ഞുനിലകൊള്ളുന്നത് ആ ഒരു വെളിച്ചം
അതായത് ഊർജ്ജം മാത്രമാണെന്നും ഗുരു. അതായത് ആധുനിക- ശാസ്ത്രത്തിന്റെ ക്വാണ്ടം തിയറി തന്നെ. വേദകാലം മുതലെ മനുഷ്യൻ
ഏറ്റവും അധികം ആരാധിച്ചത്‌ വെളിച്ചത്തെയാണല്ലോ! സൂര്യനമസ്കാരം തന്നെ ആ ചിന്തയുടെ സൂചകമോ സൂക്ഷ്മാർത്ഥം പ്രകടമാക്കുന്ന സ്ഥൂലമായ അനുഷ്‌ഠാനമോ ആകാം. സൂര്യദേവനില്ലെങ്കിൽ ഭൂമി നിർജീവയല്ലേ!
കൂടാതെ അറിവ് (ജ്ഞാനം) വെളിച്ചമാണല്ലോ!

"കോടിദിവാകരരോത്തുയരും പടി" യെന്നു
ഗുരു അൽഭുതം കൂറുന്നുമുണ്ടല്ലോ!

തെളിഞ്ഞ ശാസ്ത്രീയചിന്ത
------------------------------------------------

ഭാരതീയചിന്തയുടെ ഏറ്റവും തെളിമയാർന്ന മുഖാരവിന്ദമാണ് ഗുരുവിന്റേത് എന്നത് പ്രചുരപ്രചാരം നേടിയിട്ടുള്ള ഒരു ആശയമാണ്. അത് സത്യവുമാണ്. ഒരക്രമത്തിനും ഗുരു ആഹ്വാനം ചെയ്‌തിട്ടില്ല. "സത്യം സമത്വം സ്വാതന്ത്ര്യം"
എന്ന ഭാരതീയചിന്തയുടെ അമൃതഭാവം ഗുരുവിന്റെ ഓരോ വാക്കിലും നോക്കിലും ശ്വാസത്തിലും നിറഞ്ഞുനിന്നു.    


"അരുവിപ്പുറം പ്രതിഷ്ഠ"തന്നെ അതിന്റെ ഉത്തമനിദർശനം. ഒന്നുമില്ലായ്മയിൽനിന്ന് കീഴാളവർഗ്ഗത്തെ ഉണ്മയുടെ സോപാനത്തിലേക്ക്
ഉയത്തിയ ആ മാന്ത്രികവിദ്യ ഭാരതത്തിനെന്നല്ല ലോകത്തിനുപോലും മാർഗദർശകമായി. ആ പഥദർശനത്തിന്റെ കഥ ഏറെ വർണിക്കേണ്ടതില്ല.
ലോകമെമ്പാടുമുള്ള ശ്രീനാരായണ ഗുരുകുലങ്ങൾ അതിന്റെ സദ്-  ഫലമല്ലേ!

ഒരു രഹസ്യം
-------------------------
"ഗുരുപർവ്വം" (Era of Guru) എന്ന ഒരു ഗവേഷണപ്രബന്ധം 20 അധ്യായങ്ങളിലായി (മലയാളം ) ഗുരുദർശനത്തിൽ നിന്ന് ഊ ർജ്ജം ഉൾക്കൊണ്ട് രചിക്കുവാനും അത് ആഗോളതലത്തിൽ ആമസോൺവഴി അമേരിക്കയിൽ നിന്ന് ഈയിടെ (13-11-2016) പ്രസിദ്ധീകരിക്കപ്പെടാനും
ഇടയായത് ഗുരുദേവന്റെ അനുഗ്രഹം തന്നെയെന്ന് ഞാൻ കരുതുന്നു.

-------------------------------------------------------------------------------------------------------------------
 dr.k.g.balakrishnan kandangath, kattoor,Thrissur 680702
9447320801 / drbalakrishnankg@gmail.com.
agnigeetham.blogspot.com
---------------------------------------------------------------------------------------------------------------------



 





     




No comments:

Post a Comment